റിയോ ഡി ഷനേറോ: ലഹരിമാഫിയയ്ക്കെതിരെ ബ്രസീലിലെ റിയോ ഡി ഷനേറോയിൽ പോലീസും സൈന്യവും ചേർന്നു നടത്തിയ വേട്ടയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 132 ആയി. നഗരത്തിലെ ലഹരിമരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന കൊമാൻഡോ വെർമെലോ സംഘത്തെ ലക്ഷ്യം വച്ചുള്ള ഏറ്റവും വലിയ റെയ്ഡായിരുന്നു ഇത്.
റിയോയിലെ പെൻഹയിലുൾപ്പെടെ നിരത്തുകൾ മൃതദേഹങ്ങൾ നിറഞ്ഞു. യുവാക്കളുടെ തലയ്ക്കു വെടിവച്ചും കത്തികൊണ്ടു കുത്തിയും കെട്ടിയിട്ടും അതിക്രൂരമായിരുന്നു സേനാനടപടികൾ. പോലീസും ഹെലികോപ്റ്ററിലെത്തിയ സൈനികരും ഉൾപ്പെടെ 2500 ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച റെയ്ഡ് നടത്തിയത്. കൂട്ടക്കുരുതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ കോപ് 30 കാലാവസ്ഥാ ഉച്ചകോടിയുമായി ബന്ധപ്പെട്ട സി40 ആഗോള ഉച്ചകോടി, വില്യം രാജകുമാരൻ ആതിഥ്യം വഹിക്കുന്ന എർത്ഷോർട്ട് പുരസ്കാരദാന ചടങ്ങ് എന്നിവയ്ക്ക് റിയോ ഡി ഷനേറോ വേദിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് നടപടി.